Thursday, March 01, 2012
UPSC റിസല്‍ട്ട് വന്നു. ഞാന്‍ മെയിന്‍സ് പരീക്ഷയുടെ കടമ്പ കടന്നില്ല. ഒട്ടും അപ്രതീഷിതം അല്ല, എന്നാലും എന്തോ ഒരു വല്ലാത്ത വിഷമം. ആരെയൊക്കെയോ ഫോണില്‍ വിളിച്ചു, ചിലരൊക്കെ ആശ്വസിപ്പിച്ചു. ഗൂഗിളില് പരതി നോക്കി, ഇങ്ങനെ സംഭവിച്ചാല് എന്താ ചെയ്യണ്ടേന്ന് എവിടെയെങ്കിലും ഉണ്ടോ ? ഊഹും ഇല്ല. ട്വിറ്ററില് പോയി ട്വീറ്റി. #facepalm എന്ന് ഹാഷും കൊടുത്തു. അമ്മയെ വിളിച്ചു, അമ്മക്ക് വിഷമമായീന്ന് തോന്നുന്നു. കൊഴപ്പില്ല, അമ്മല്ലേ ഇത്തിരി വിഷമിക്കാം. ഇനിയിപ്പൊ എന്താ ചെയ്യ, കൂട്ടിക്കിഴിക്കലുകള്‍ ഒരു പാട് ഒരു കൊല്ലായിട്ട് നടത്തുണുണ്ടായിരിന്നു. പക്ഷേ ഇപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. എവിടെ വെച്ചോ എല്ലാം തങ്ങിപ്പോണു. അമ്മയെ വെറുതെ വിഷമിപ്പിച്ചോ? ഒരു പത്ത് മിനിട്ട് കഴിഞ്ഞ് പിന്നേം അമ്മയെ വിളിച്ചു. ഞാന്‍ എന്റെ തീരുമാനം പറഞ്ഞു..."ഞാന്‍ ഒന്നൂടെ എഴുതാന്‍ പോകാണ്. വളരെ നന്നായിട്ട്, വളരെ ആത്മവിശ്വാസത്തോടു കൂടി, കിട്ടുന്ന വിധത്തില്‍ - ദാ ഇപ്രാവശ്യം". മനസ് പറഞ്ഞു, വെറും വാക്കല്ല, കാര്യായിട്ടാണ്.
എന്നാലും പന്ത്രണ്ടായിരത്തില്‍ മൂവായിരം ആവാന്‍ പറ്റീല. അതോലിച്ചുക്കുമ്പോ ഇത്തിരി വിഷമം. പരീക്ഷയുടെ ദിവസം തന്നെ അറിയാമായിരുന്നു, ദാ ഇവടെയൊക്കെ മാര്‍ക്ക് പോവാന്‍ പോവാണ്. പക്ഷേ അതെല്ലാം എന്റെ മുന്‍വിധികളാണെങ്കിലോ ? എങ്ങനെയാ ഒരു ആഴത്തിലുള്ള വിലയിരുത്തല്‍ നടത്തുക ? എങ്ങനെയാ, തെറ്റു പറ്റിയ ഇടങ്ങള് തിരുത്തുക ? ആവോ, അറിയില്ല. പക്ഷേ ഒന്നേ ഇപ്പോ ആലോചിക്കുന്നുള്ളൂ, അമ്മയോട് പറഞ്ഞത് വെറും വാക്കല്ല. ഞാന്‍ ഇപ്രാവശ്യം എഴുതും, കിടുവായിട്ട്..ജയിക്കാനായി. കാരണം, തോറ്റ് ഞാന്‍ മടുത്തിരിക്കുന്നൂ...ഊഹും..അല്ല അതു കൊണ്ടല്ല, എനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത്, ജീവിതത്തില്‍ മുന്നേറാന്‍ ഉള്ള ഏറ്റവും നല്ല അവസരമാണിത്. എന്നെക്കൊണ്ട് സാധിക്കും വിധം ഒരു പാട് ജീവിതങ്ങള്‍ക്ക് സഹായം ചെയ്യാനും.
Subscribe to:
Post Comments (Atom)
No comments:
Post a Comment